Asianet News MalayalamAsianet News Malayalam

'എംഎൽഎമാർ കരാറുകാരെ കൂട്ടിവരണ്ട, പറഞ്ഞത് ഇടത് നയം, ഖേദംപ്രകടിപ്പിച്ചില്ല', പ്രസ്താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

''താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല''

minister mohammed riyas response over contractors mla controversy
Author
Kozhikode, First Published Oct 15, 2021, 11:37 AM IST

കോഴിക്കോട്: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് തന്നെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  (mohammed riyas). താൻ പറഞ്ഞതിൽ  ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച അദ്ദേഹം, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ  നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. 

''കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല.  പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ചില ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാരുടെ  ഇത്തരം നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകുന്നു. 

സ്വന്തം  മണ്ഡലത്തിലെ പൊതു പ്രശ്നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം. കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ ചെറിയ വിഭാഗം പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണെന്നും റിയാസ് പറഞ്ഞു. എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു. മന്ത്രി എന്ന നിലയിൽ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാവില്ലെന്നും റിയാസ് ആവർത്തിച്ച് വ്യക്തമാക്കി. നിർമ്മാണ പ്രവർത്തികളിൽ എല്ലാം എഞ്ചിനിയർ, കരാറുകാർ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങൾക്ക് ഇവരെ നേരിട്ട് പ്രശ്നങ്ങൾ അറിയിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios