Asianet News MalayalamAsianet News Malayalam

ഏഴ് മണിക്ക് മുൻപേ വോട്ട് രേഖപ്പെടുത്തി മന്ത്രി മൊയ്തീൻ; നടപടി ആവശ്യപ്പെട്ട് അനിൽ അക്കര

ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു

Minister Moitheen cast vote before 7am opposition MLA demands punishment
Author
Thrissur, First Published Dec 10, 2020, 8:09 AM IST

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്.

ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നു.

എന്നാൽ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ ഏതെങ്കിലും തരത്തിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാർത്തയായതോടെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. 'മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത് 6.55ന്.' തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിരാവിലെ വോട്ട് ചെയ്യാനെത്തിയ മന്ത്രി ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇടതു സർക്കാർ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറും. യു ഡി എഫിൽ കലാപമാണ്. കൂട്ടായ്മ ഇല്ലാത്ത മുന്നണികൾക്ക് ജനം എങ്ങനെ വോട്ട് ചെയ്യും? ഇടതു സർക്കാരിന്റെ നേട്ടങ്ങൾ വോട്ടായി മാറും. കോൺഗ്രസിന്റെ ജമാ അത്തെ ഇസ്ലാമി, ബിജെപി അവിശുദ്ധ സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങൾ തള്ളിക്കളയും. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ല. വീട് മുടക്കുന്നവർക്കല്ല വീട് നൽകുന്നവർക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios