വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാമെന്നും ആര് മത്സരിക്കണമെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക പ്രശ്നങ്ങളാണെന്നും മന്ത്രി റിയാസ്.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാമെന്നും ആര് മത്സരിക്കണമെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക പ്രശ്നങ്ങളാണ്. ഗൃഹ സമ്പർക്കത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടു. തിരുത്തേണ്ടത് തിരുത്തുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റിയാസ്.
എംഎ ബേബിയുടെ പത്രം കഴുകൽ ചിത്രത്തോടും റിയാസ് പ്രതികരിച്ചു. എംഎ ബേബിയെ അറിയുന്ന ആരും അദ്ദേഹത്തെ ട്രോളില്ല. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകി വെക്കുന്നത് അദ്ദേഹത്തിന്റെ പണ്ടേ ഉള്ള ശീലമാണ്. ഇതൊന്നും ചെയ്യാത്തവർക്ക് അത് മനസ്സിലാകില്ല. പിആർ വർക്ക് ആണെന്ന് അധിക്ഷേപിക്കരുതെന്നും റിയാസ് പറഞ്ഞു.
ബേപ്പൂരിൽ തുടക്കത്തിൽ തന്നെ അൻവറിന് കല്ലുകടി
ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറിനെതിരെ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് വിവരം. അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി അറിയിച്ചു. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അൻവർ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു. ഇടതുമുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവച്ച അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബേപ്പൂരിൽ നിലവിലെ എംഎൽഎയായ മുഹമ്മദ് റിയാസിനോട് അൻവർ ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമായിരിക്കും.
ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പിവി അൻവറിൻ്റെ നീക്കം. ഇതിനായി പ്രചാരണവും തുടങ്ങിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് സീറ്റായ ഇവിടം എൽഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ്. ഈ സാഹചര്യത്തിലാണ് പിവി അൻവർ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയത്. താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ പിവി അൻവർ പറഞ്ഞിരുന്നു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു.



