ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ഒ.ജെ ജനീഷ് പറഞ്ഞു.
തിരുവനന്തപുരം: തന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ഡിവൈഎഫ്ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് സംസ്ഥാന സെക്രട്ടറി എം വിജിൻ ആണെന്നും മന്ത്രി. കലാപം ഉണ്ടാക്കി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം. ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു. കണ്ണൂരിൽ രണ്ടിടത്താണ് ഒ.ജെ ജനീഷിന്‍റെ വാഹനം ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാർ കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്‍റെ റെയിൽ ഗാർഡുകൾ പൊട്ടിയിട്ടുണ്ട്. പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനം രണ്ടു തവണ ആക്രമിക്കപ്പെട്ടതിൽ വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് -എസ്.എഫ്ഐ സംഘർഷം ഉണ്ടായതിനു പിന്നാലെയാണ് യുത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുന്നത്.


