Asianet News MalayalamAsianet News Malayalam

പോറ്റി വള‍‍‍ർത്താൻ സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ്

2017ൽ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 

Minister ordered for inquiry about raping girl who given for adoption
Author
Thiruvananthapuram, First Published Jan 13, 2021, 1:24 PM IST

തിരുവനന്തപുരം: 2015-ൽ എറണാകുളത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും പോറ്റി വളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. 

കുട്ടിയെ വിട്ടു കൊടുത്ത എറണാകുളത്തെ മുൻ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും വകുപ്പ് ഡയറക്ടർ അന്വേഷിക്കും. സംഭവത്തിൽ കുറ്റക്കാരയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. ഒപ്പം കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു. 

പോറ്റി വളർത്താൻ സർക്കാരിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ കണ്ണൂരിൽ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ശിശുക്ഷേമതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാലുകാരിയെ കൈമാറിയത്. 

നേരത്തെ രണ്ട് വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള കാര്യം മറച്ചുവച്ചും വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് സി.ജി.ശശികുമാർ എന്ന കൂത്തുപറമ്പ് സ്വദേശി ശിശുക്ഷേമസമിതിയെ സമീപിച്ച് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയത്. 2017ൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം ശിശുക്ഷേമ സമിതി അറിയുന്നത് മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ്.

പോറ്റിവളർത്താൻ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി.ജി.ശശികുമാർ അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്ചയാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും പൊലീസിൻ്റെ പിടിയിലായി. മാതാപിതാക്കൾ മരിച്ച 14 വയസുള്ള പെൺ കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016 ലാണ് പ്രതി വളർത്താൻ കൊണ്ടുപോകുന്നത്. 

കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ വീട്ടിലേക്ക് വെക്കേഷന് ചെന്നപ്പോൾ തന്നെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടി മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂത്തുപറമ്പ് പൊലീസിന് കിട്ടിയത്. മുന്ന് വർഷം പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി 2017 ൽ ഗർഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗർഭം അലസിപ്പിപ്പിച്ചു. വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി. ഇങ്ങനെ നൽകുമ്പോൾ കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം. 

 ഈ കുട്ടിയെ നൽകുമ്പോൾ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല. നാടക പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാർ വിമുക്ത ഭടൻ എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നിൽ എട്ടുവർഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാൾ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തിൽ കുട്ടികൾ ഉള്ള കാര്യവും ഇയാൾ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാൾ മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. സംരക്ഷണയിൽ വിട്ടുനൽകുന്ന കുട്ടിക്ക് എല്ലാ മാസവും കൗൺസിലിംഗ് നൽകണം എന്ന നിയമവും ഇവിടെ നടപ്പായില്ല.

2012 -14 കാലയളവിൽ എറണാകുളത്തുനിന്നും കോഴിക്കോട്ടുനിന്നും സമാനമായി രണ്ട് പെൺ കുട്ടികളെ ഇയാൾ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ല. 2017ൽ ഈ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന കാര്യം. 

Follow Us:
Download App:
  • android
  • ios