സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് കേരള ഐടി മിഷൻ പുതിയ ഡിജിറ്റൽ സംരംഭങ്ങൾ ആരംഭിച്ചു. നമ്മുടെ കേരളം 2.0, വാട്‌സ്ആപ്പ് സർവീസസ്, എഐ ചാറ്റ്ബോട്ട് തുടങ്ങിയ പൗരകേന്ദ്രീകൃത പദ്ധതികളുടെ ഉദ്ഘാടനം ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
തിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതിയ ജീവിതശൈലിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനനുസൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും സുഗമമായും ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ഡിജിറ്റല്‍ ഗവേണന്‍സ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള ഐടി മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നമ്മുടെ കേരളം 2.0, സി.എക്‌സ്. ഇന്‍ഡക്സ്, വാട്‌സ്ആപ്പ് സര്‍വീസസ്, എഐ ചാറ്റ്ബോട്ട്, കെ - എഐ എന്നീ പൗരകേന്ദ്രീകൃത ഡിജിറ്റല്‍ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളിലെ ഡിജിറ്റല്‍ മുന്നേറ്റങ്ങളെ മാതൃകയാക്കി കേരളവും വേഗത്തില്‍ ഡിജിറ്റല്‍ പുരോഗതി കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും സഹകരണവും കൂട്ടായ പരിശ്രമവും ഉണ്ടെങ്കില്‍ സംസ്ഥാനത്തെ ഈ ഡിജിറ്റല്‍ പരിവര്‍ത്തനം പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്‌സ് ആപ് മുഖേന അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേരളം സര്‍ക്കാറുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ തലവനും മാനേജിങ് ഡയറക്ടറുമായ അരുണ്‍ ശ്രീനിവാസ് പറഞ്ഞു.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരിടത്തേക്ക് കൊണ്ടുവരുന്നതാണ് നമ്മുടെ കേരളം 2.0. പൗരന്റെ സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് സിഎക്‌സ് ഇന്‍ഡക്സ് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് വാട്‌സ്ആപ്പ് സര്‍വീസസ് (നമ്പര്‍: 8281499999). സര്‍ക്കാര്‍ വിവരങ്ങള്‍ സംഭാഷണരീതിയില്‍ ലഭ്യമാക്കുന്നതിനാണ് എ ഐ ചാറ്റ്ബോട്ട്. ഭരണരംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിത്വപരമായ എ ഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് കെ-എഐ. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സാങ്കേതിക സംവിധാനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിച്ച് സാങ്കേതികവിദ്യയെ പൗരന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് ഈ പദ്ധതികളിലൂടെ ഊന്നല്‍ നല്‍കുന്നതെന്ന് കേരള ഐ ടി മിഷന്‍ അറിയിച്ചു.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ഐ ടി മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി വേണുഗോപാല്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, മെറ്റ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ് ലീഡ് ദിവ്യ ഖേമേനി വധേരെ, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍, സേവന ദാതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.
