ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ആലപ്പുഴ: കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി.പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു.
ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് ഇയാൾ. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. സംഭവത്തിൽ ഇസ്രായേലിലുള്ള ബി.അശോക് കുമാർ ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി.പ്രസാദ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി മുതലാണ് ഇരിട്ടി പായം സ്വദേശിയായ 48 വയസുള്ള ബിജു കുര്യനെ ഇസ്രായേലിലെ ഹെര്‍സിലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായത്. ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് പോകാൻ സംഘം തയ്യാറായി നിൽകെ വാഹനത്തിന് സമീപം വരെ എത്തിയ ബിജു കുരിയനെ പിന്നീട് കാണാതാകുകയായിരുന്നു. ഇസ്രായേൽ പൊലീസിലും എംബസിയിലും ബി അശോക് പരാതി നൽകി. സിസിടിവി പരിശോധിച്ചു. വിവരമൊന്നും കിട്ടാത്ത സാഹചര്യത്തിൽ മുൻനിശ്ചയിച്ച പ്രകാരം ബി.അശോകും കര്‍ഷകസംഘവും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. നാളെ പുലര്‍ച്ചെ സംഘം കൊച്ചിലിറങ്ങും.
ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാൻ പോയത്. മേയ് എട്ടുവരെ വിസാ കാലാവധിയുണ്ട്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പം ബിജു കുര്യൻ ഇസ്രായേലിലുണ്ടാകുമെന്നാണ് നിഗമനം. കാര്യം അന്വേഷിക്കാൻ ഉദ്യോഗസ്ഥര്‍ രണ്ട് തവണ ബിജുവിന്‍റെ വീട്ടിലെത്തിയെങ്കിലും കുടുംബം കൃത്യമായ മറുപടി നൽകിയില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. വിദേശയാത്രക്കുള്ള ശ്രമം ബിജു നേരത്തെയും നടത്തിയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന് കിട്ടിയ വിവരം, ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചാണ് കര്‍ഷകരെ കൃഷിവകുപ്പ് തെരഞ്ഞെടുത്തത്. ഈമാസം 12ന് കൊച്ചിയിൽ നിന്നാണ് യാത്ര തിരിച്ചത്.
