ജില്ലാ വ്യവസായ കേന്ദ്രത്തോടാണ് മന്ത്രി പി രാജീവ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാനാണ് മന്ത്രിയുടെ നി‍ർദേശം.

കൊച്ചി: എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരെയുണ്ടായ സിഐടിയു ഭീഷണിയില്‍ വ്യവസായ മന്ത്രി റിപ്പോ‍ർട്ട് തേടി. ജില്ലാ വ്യവസായ കേന്ദ്രത്തോടാണ് മന്ത്രി പി രാജീവ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാനാണ് മന്ത്രിയുടെ നി‍ർദേശം. സംഭവത്തില്‍ പട്ടിക ജാതി-പട്ടിക വർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നിര്‍ദ്ദേശം നല്‍കി. അതേസമയം, ഗ്യാസ് ഏജൻസിയിൽ നാലാം ദിവസവും സമരം തുടരുകയാണ്. ഇവിടെ നിന്നുള്ള പാചക വാതക വിതരണം ഇന്നും തടസപ്പെട്ടു. 

സംരംഭകയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിഐടിയു നേതാവടക്കം ഏഴ് പേരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സി ഐ ടിയുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തും. സംഭവത്തിൽ പ്രതികളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്യാസ് ഏജൻസി ലൈസൻസിയായ ഉമാ സുധീറിന്‍റെ മൊഴി അന്വേഷണസംഘം ഇന്ന് വിശദമായി രേഖപ്പെടുത്തും. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗ്യാസ് ഏജൻസി ഉടമകളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

Also Read: 'ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്, കൊല്ലാൻ മടിയില്ല'; വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയു ഭീഷണി

ഉടമ പറയുന്നത്...

250 ഓളം കണക്ഷനുകളാണ് ഞങ്ങൾക്കുള്ളത്. അതിനൊപ്പം തൊട്ടടുത്തുള്ള ഗ്യാസ് ഏജൻസിയിലെ ബാക്ക‍്‍ലോഗ് തീർക്കാൻ ഞങ്ങൾക്ക് നി‍‍ർദേശം ലഭിച്ചു. ഇത് വിതരണം ചെയ്യാൻ നാല് താൽക്കാലിക തൊഴിലാളികളെ എടുത്തു. ബാക്ക‍്‍ലോഗ് തീർന്നപ്പോൾ അവരെ ഒഴിവാക്കി. സ്ഥിരപ്പെടുത്തണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. 10 സ്ഥിരം തൊഴിലാളികൾ ഞങ്ങൾക്കുണ്ട്. അവ‍ർക്ക് വിതരണം ചെയ്യാനുള്ള ജോലിയേ ഇവിടുള്ളൂ. സിഐടിയു നടത്തുന്ന സമരം അനാവശ്യമാണ്. നാലു പേർക്ക് വേണ്ടി 10 പേരുടെ ജോലി കളകളയുകയാണ്.