പിഎസ്‌സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ യുവ നേതാവ് മന്ത്രി റിയാസ് വഴി കാര്യം നടത്താമെന്നാണ് പറഞ്ഞിരുന്നത്

കോഴിക്കോട്: കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ് പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നൽകിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നൽകുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികൾ എന്താണെന്ന് വ്യക്തമല്ല. 

പിഎസ്‌സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നൽകിയതെന്നാണ് കരുതുന്നത്. കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിൻ്റെ പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്. എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ അതിൽ ഈ വ്യക്തി ഉൾപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷിൽ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരൻ, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തിൽ കഴമ്പുള്ളതായി കണ്ടെത്തി. പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിൻ്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.