സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻ മന്ത്രി സജി ചെറിയാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി
പാലക്കാട്: സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻ മന്ത്രി സജി ചെറിയാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂൻ കോയിക്കൽ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികിൽ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കൊപ്പം മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്ന ഭർത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാൻ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ലഡു മിയാൻ. ആറു വർഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്. അടിയന്തരമായി പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ മന്ത്രി ചെയ്‌തു. മാന്നാറിൽ നിന്നും പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി,പോസ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചു.
ഭർത്താവിനും കുട്ടികൾക്ക് ആവശ്യമായ തുണികൾ വാങ്ങി നൽകുന്നതിന് ക്രമീകരണങ്ങൾ നടത്തി. 25,000 രൂപ ചെലവുകൾക്കായി ലിഡു മിയാനെ ഏൽപ്പിച്ചു. തൊഴിൽ വകുപ്പിൽ നിന്ന് 50,000 രൂപ നൽകാനുള്ള നടപടിക്രമങ്ങൾക്കായി ഉദ്യോഗസ്ഥരെ ആശുപത്രിയിൽ വിളിച്ചുവരുത്തി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതുവരെ താമസിക്കുന്നതിനായി ഭർത്താവിനെയും കുട്ടികളെയും സമീപത്തുള്ള ഒരു ലോഡ്‌ജിലേക്ക് മാറ്റി. ആലപ്പുഴയിലെ പിങ്ക് എന്ന സന്നദ്ധ സംഘടന കുഞ്ഞുങ്ങളുടെ സംരക്ഷണം താൽക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. കെ സി വേണുഗോപാൽ എംപി വിമാനത്തിൽ മൃതദേഹം കൊണ്ടുപോകുന്നതിന് ക്രമീകരണം നടത്തുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ മേൽനോട്ടത്തിൽ തന്നെ നടത്തുന്നതിന് കളക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. എച്ച് സലാം എംഎൽഎയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.



