കേരളത്തിൽ പട്ടയങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കുന്നു. കടലോര നിവാസികൾ ഉൾപ്പെടെ 500 ലധികം പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയങ്ങള്‍ ലഭ്യമാക്കുന്നതില്‍ അതിവേഗത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിലും മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിലും ഉന്നയിക്കപ്പെട്ട പട്ടയസംബന്ധമായ വിഷയങ്ങളാണ് മുന്‍ഗണനാക്രമത്തില്‍ തീര്‍പാക്കുന്നത്.

ജില്ലയിലെ കടലോരവാസികളുടെ പട്ടയങ്ങള്‍ നല്‍കാനായി. 500 ലധികം പേര്‍ക്കാണ് നടപടി സഹായകമായത്. പട്ടയം കിട്ടിയവരുടെ ഭൂമിയില്‍ വീടുകള്‍ ഉയരുകയുമാണ്. അങ്കണവാടികള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങള്‍ കണ്ടെത്തുകയാണ്. പൊതുവായ ആവശ്യങ്ങള്‍ക്ക് ഭൂമി കിട്ടാന്‍ പലയിടത്തും പ്രയാസമുണ്ട്. ഈ പശ്ചാത്തലത്തില്‍ ‘മനസോടിത്തിരി മണ്ണ്’പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

സുമനസുകളുടെ ഉദാരസമീപനം ഭൂമിയുടെ ലഭ്യതയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുന്നുവെന്നതാണ് പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂസംബന്ധമായ ആവശ്യങ്ങളും പരിഹരിച്ചുവരികയാണ്. നിയമപരമായി സാധുതയുള്ള പട്ടയങ്ങള്‍ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതല പിന്തുണയും സമയബന്ധിതമായ തുടര്‍നടപടികളും ഉണ്ടാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, നഗരസഭ ചെയര്‍മാന്‍ ഉണ്ണികൃഷ്ണ മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ ബീനാറാണി, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഭ്യമായ ഭൂമിയില്‍ പരമാവധി വികസനം ലക്ഷ്യം - മന്ത്രി

സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയില്‍ പരമാവധി വികസനം നടപ്പിലാക്കുകയാണ് നയമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കരയിലെ കില ക്യാമ്പസില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങള്‍ക്ക് സ്ഥലസൗകര്യം നല്‍കുന്നതിന്റെ പരിശോധനയ്ക്കുമായി സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള 114 ഏക്കര്‍ ഭൂവിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തും. ജയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. കേന്ദ്രീയ വിദ്യാലയത്തിനുള്ള ഇടവും നല്‍കും.

സയന്‍സ് മ്യൂസിയം, ഡ്രോണ്‍ പാര്‍ക്ക്, നഴ്‌സിംഗ് കോളജ് തുടങ്ങിയ പദ്ധതികള്‍ക്കും സ്ഥലം നല്‍കുന്നത് പരിഗണനയിലാണ്. ഓരോ പ്രവൃത്തിക്കുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയാകും അന്തിമതീരുമാനത്തിലെത്തുക. ഭൂമി അല്‍പം പോലും നഷ്ടമാകാതെ ഓരോ സ്ഥാപനവും നടത്തുന്നതിനായുള്ള സൗകര്യമൊരുക്കുന്നതിനായി സര്‍വെ നടത്താന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അറിയിച്ചു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.