സർക്കാർ ഭൂമി വ്യാജപട്ടയം ചമച്ച് മറിച്ചു വിറ്റ കേസ്; അന്വേഷണം വിജിലൻസിന് കൈമാറി
ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.

ഇടുക്കി: വാഗമണ്ണിൽ 55.3 ഏക്കർ സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.
എറണാകുളം ഇടപ്പള്ളി സ്വദേശി ഷേർളി ആൽബർട്ടിന്റെയും സഹോദരിയുടെയും പേരിൽ വാഗമൺ റാണിമുടിയിലുള്ള 10.52 ഏക്കർ ഭൂമി ഉൾപ്പെടെ തട്ടിയെടുക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത കേസിൽ പത്തു പ്രതികളാണുള്ളത്. 55.3 ഏക്കർ സർക്കാർ ഭൂമി കയ്യേറുകയും ഇതുൾപ്പെടെ 110 ഏക്കർ ഭൂമിക്ക് വ്യാജപട്ടയം ചമയ്ക്കുകയും ചെയ്തതതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം തീക്കോയി സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ കെ.ജെ. സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും സർക്കാർ ഉദ്യോഗസ്ഥനായ വി.കെ. നാരായണൻ നായരുടെ സഹായത്തോടെയാണ് വ്യാജപട്ടയമുണ്ടാക്കിയത്.
വാഗമണ്ണിൽ സർക്കാർ മറിച്ചുവിറ്റ കേസ്
പൂഞ്ഞാർ തെക്കേക്കര സ്വദേശി ബിജു ജോർജിന്റെ പേരിൽ പിന്നീടിതിന് മുക്ത്യാർ തയ്യാറാക്കി പലർക്കായി ആധാരം ചെയ്ത് വിറ്റു. നിരവധി പേരുടെ കൈവശമാണ് ഈ ഭൂമിയിപ്പോൾ. വിജിലൻസ് ഇടുക്കി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് സി ഐ - ടി ആർ കിരണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
ഉടുമ്പൻചോല താലൂക്കിലെ തോണ്ടിമലയിൽ ഒൻപത് ഹെക്ടറിലേറെ സർക്കാർ പുൽമേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റർ തിരുത്തിയത് രാജാക്കാട് സർവേ സൂപ്രണ്ട് ഓഫീസിലെ മുൻ ഹെഡ് സർവേയർ സി.സണ്ണി, മുൻ ഫസ്റ്റ് ഗ്രേഡ് സർവേയർ എസ്.വിനോദ് കുമാർ എന്നിവരുൾപ്പെട്ട സംഘമായിരുന്നു. സണ്ണി സർവേ സൂപ്രണ്ടിന്റെ അധികച്ചുമതല വഹിച്ചിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. സർക്കാർ പുൽമേട് പ്രദേശവാസിയായ ചെല്ലപ്പത്തേവരുടെ കൈവശഭൂമിയാണെന്ന് റിവൈസ്‌ഡ് ലാൻഡ് രജിസ്റ്റർ തയ്യാറാക്കി രാജാക്കാട് ലാൻഡ് അക്വിസിഷൻ ഓഫീസിൽ നൽകിയാണ് തട്ടിപ്പ് നടത്തിയത്.