സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആധാർ സംബന്ധമായ പ്രശ്നങ്ങൾ കാരണം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഒരൊറ്റ അധ്യാപകന് പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് പരിഹാരമാവുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആധാർ കാർഡിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരൊറ്റ അധ്യാപകന് പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് സർക്കാരിന്‍റെ ഉറച്ച നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ആനുകൂല്യം ആർക്കൊക്കെ?

2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇഐഡി ഉള്ള) കുട്ടികളെയും, ആധാറിലെ തെറ്റുകൾ തിരുത്താൻ അപേക്ഷ നൽകിയവരെയും തസ്തിക നിർണ്ണയത്തിനായി പരിഗണിക്കും. മേൽസൂചിപ്പിച്ച വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി തസ്തികകൾ പുനർനിർണ്ണയിക്കാൻ സർക്കാർ ഉത്തരവിട്ടു. ആധാർ സംബന്ധമായ സാങ്കേതിക കാരണങ്ങളാൽ പുറത്തുപോകേണ്ടി വന്ന അധ്യാപകരെ ഇതിലൂടെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സാധിക്കും.

എന്തുകൊണ്ട് ഈ മാറ്റം?

സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൃത്യമാക്കാൻ യുഐഡി നിർബന്ധമാക്കിയിരുന്നെങ്കിലും, അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തതും ചെറിയ തെറ്റുകൾ തിരുത്താൻ വൈകുന്നതും അധ്യാപകരുടെ തസ്തികകളെ ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മാനുഷിക പരിഗണനയോടെയുള്ള ഈ ഇടപെടൽ. അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി, വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ ഒരുമിച്ച് മുന്നേറാം എന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.