Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും, നടപടി ആരംഭിച്ചതായി മന്ത്രി

മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് കേരളം മുഖംതിരിക്കുകയാണെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

Minister Sunil Kumar says that action has been initiated to return keralite from Gujarat
Author
Thiruvananthapuram, First Published May 18, 2020, 9:41 PM IST

തിരുവനന്തപുരം: ഗുജറാത്തിൽ കുടുങ്ങിയ മലയാളികളുടെ മടക്കയാത്രയിൽ നടപടി ഉടനെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. മലയാളികളുടെ മടക്കയാത്രയ്ക്കുളള ശ്രമം ചീഫ് സെക്രട്ടറി തുടങ്ങിയെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വ്യക്തമാക്കി. മറ്റ് കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‍ത്തു. ഇതോടെ ഗുജറാത്തിലെ റെഡ്സോണായ അഹമ്മദാബാദിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താമെന്ന പ്രതീക്ഷയായി. 

മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് കേരളം മുഖംതിരിക്കുകയാണെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ച കേരളം അഹമ്മദാബാദ് റെഡ് സോണിലായ സാഹചര്യത്തിലാണ് പിന്നോക്കം പോയത്. യാത്ര പ്രതീക്ഷിച്ച് അഹമ്മദാബാദിലെത്തിയ നൂറുകണക്കിന് മലയാളികൾ ഇതോടെ വെട്ടിലായി.

ഗുജറാത്തിൽ നിന്ന് 5088 മലയാളികൾ നോ‍ർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കണമെന്നും ആവശ്യപ്പെട്ട് മെയ് 14 നാണ് കേരളം ഗുജറാത്തിന് കത്തയച്ചത്. അഹമ്മദാബാദിൽ നിന്ന് ട്രെയിൻ യാത്ര തുടങ്ങണമെന്നും കത്തിലുണ്ട്. അന്നു തന്നെ അഹമ്മദാബാദ് ജില്ലാ കളക്ടർ മറുപടി നൽകി.

മെയ് 16ന് വൈകീട്ട് മൂന്നരയ്ക്ക് ട്രെയിൻ ഓടിക്കാം. മലയാള സമാജം പ്രവർത്തകരുടെ സഹായത്തോടെ ഉടൻ നാട്ടിലെത്തിക്കേണ്ട 1500 യാത്രക്കാരുടെ ലിസ്റ്റും അയച്ചു. എല്ലാവരെയും പ്രത്യേകം ബസുകളിൽ സ്റ്റേഷനിലെത്തിക്കുമെന്നും യാത്ര തുടങ്ങും മുൻപ് മെഡിക്കൽ പരിശോധന നടത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിന്‍റെ അനുമതി തേടിക്കൊണ്ട് അവസാനിക്കുന്ന കത്തിന് പക്ഷെ ഇതുവരെ മറുപടി കിട്ടിയില്ല. ഇതോടെ ട്രെയിൻ പ്രതീക്ഷിച്ച് മെയ് 16ന്  അഹമ്മദാബാദിലെത്തിയ മലയാളികൾ റെഡ് സോണിൽ കുടുങ്ങിക്കിടക്കുകയാണ്. 

"

Follow Us:
Download App:
  • android
  • ios