പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തിൽ മന്ത്രി സണ്ണി ജോസഫിന് കെപിസിസി യോഗത്തിൽ വിമർശനം. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് സഹോദരി ഭര്‍ത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിശാല കെപിസിസി യോഗത്തിൽ വിമര്‍ശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു. വിമര്‍ശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ അഭിപ്രായപ്പെട്ടെന്നാണ് വിവരം. വിമര്‍ശനം ഉയര്‍ന്നെങ്കിലും നിയമനം പുന:പരിശോധിക്കാൻ സാധ്യതയില്ല. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ച് പോകണണമെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്‌ നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.

വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ കണ്ടെതിൽ പരോക്ഷ വിമര്‍ശനവും യോഗത്തിലുണ്ടായി. ‌സമുദായ നേതാക്കളെ കാണാനെത്തുന്ന നേതാക്കള്‍ തിരികെ പോകുമ്പോഴെങ്കിലും ഡിസിസിയിൽ കയറണമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ പുതിയ കെപിസിസി പ്രസി‍ഡന്‍റിനെ നിയമിക്കണമെന്ന ആവശ്യം ഉയരും.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News