തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിൽ ശക്തമായി മുന്നോട്ട് പോകുമ്പോൾ, പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കാനും പാര വെക്കാനും ശ്രമിക്കുന്നുവെന്ന് മന്ത്രി തോമസ് ഐസക്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സർക്കാർ ജനങ്ങളുടെ കൈയ്യിൽ പരമാവധി പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് നേരിട്ട് ഗ്രാന്റായി 7500 കോടി എത്തിച്ചിട്ടുണ്ട്. അടുത്ത മാസവും ഇത് ചെയ്യേണ്ടി വരും. ജനങ്ങളോട് സംഭാവന ചോദിക്കുമ്പോൾ നേരത്തെ വാങ്ങിയത് എങ്ങിനെ ചിലവാക്കിയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചിലവാക്കുന്നത് എങ്ങിനെയെന്ന് പ്രതിപക്ഷത്തിന് നന്നായിട്ടറിയാമെന്നും മന്ത്രി പറഞ്ഞു.

Read more at: രണ്ടര മണിക്കൂറിൽ കൊവിഡ് പരിശോധനഫലം ലഭ്യമാക്കുന്ന സംവിധാനം കൊച്ചിയിൽ ഒരുങ്ങി ...

കേന്ദ്രസർക്കാരിനോട് വിമർശനങ്ങളുണ്ടെങ്കിലും, കൊവിഡുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാനങ്ങൾ സഹകരിക്കേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തോട് ഏറ്റുമുട്ടലിന് സംസ്ഥാനം ഉദ്ദേശിക്കുന്നില്ല. വിദേശത്തേക്ക് വിസിറ്റ് വിസയിൽ പോയവരെയും അവിടെ നിന്നുള്ള രോഗികളെയും തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരും അത്തരമൊരു കാര്യ ചിന്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവാസികളെ പരിചരിക്കാൻ സജ്ജമാണെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അറിയിക്കണമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ആവശ്യം. സംസ്ഥാനം ഇങ്ങിനെയൊരാവശ്യം കേന്ദ്രത്തിന് മുന്നിൽ വച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനം ചിലവാക്കിയ പണം എത്രയെന്ന് ധവള പത്രം ഇറക്കണം. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിന്റെ കാരണം കൊവിഡിന് മേലെ ചുമത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

Read more at: കൊവിഡ് 19: പ്രവാസികളെ തിരികെ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ ലഭിച്ചിട്ടില്ല; മുഖ്യമന്ത...

അതേസമയം വിദേശികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ അന്തർദേശീയ സാഹചര്യം പരിഗണിച്ചേ ഇന്ത്യക്ക് തീരുമാനം എടുക്കാനാവൂവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യ ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്. സാമൂഹിക അകലം പാലിക്കുന്നത് മാത്രമാണ് പ്രതിരോധം. മഹാമാരി രാജ്യത്ത് നിയന്ത്രിച്ച ശേഷം വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരുന്നതാണ് നല്ലത്.  പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം എല്ലാ രാജ്യങ്ങളോടും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.