വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ   തങ്ങൾക്കൊപ്പം ഇല്ല. അവര്‍ പരിഹാസത്തോടെയാണ് കാര്യങ്ങൾ കേൾക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. 

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡിഡി തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് പരാതിക്കാരി. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തങ്ങൾക്കൊപ്പം ഇല്ല. അവര്‍ പരിഹാസത്തോടെയാണ് കാര്യങ്ങൾ കേൾക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പ് കേടാണെന്ന് മാനേജിങ്ങ് കമ്മറ്റി ചെയർമാൻ പറയുന്നു. ഹൈഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പരാതികളിൽ സ്കൂളിനെ തകർക്കാനുള ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മാനേജിംഗ് കമ്മിറ്റി പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്തോഷ് കുമാർ കോട്ടൺഹില്‍ സ്കൂളിലെത്തി. പരാതി അന്വേഷിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. പരാതിക്കാരിയെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 

Read Also: കോട്ടൺഹിൽ റാഗിങ്: പ്രതിഷേധവുമായി രക്ഷിതാക്കൾ, ആശങ്ക പരിഹരിക്കുമെന്ന് പിടിഎ, പ്രതികരിക്കാനില്ല - പ്രിൻസിപ്പാൾ

കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Read Also: കോട്ടൺ ഹിൽ സ്കൂളിലെ പരാതി: ഗതാഗത മന്ത്രിയെ രക്ഷിതാക്കൾ തടഞ്ഞു, സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

YouTube video player