നേമത്ത് വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താൻ വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് തൃശൂരിൽ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്‍റെ തീരുമാനമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലം വീണ്ടും പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ വി ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎമ്മിലെ വിലയിരുത്തിൽ. നേമത്ത് വീണ്ടും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞതോടെ പാര്‍ട്ടിയുടെ തീരുമാനവും ഇനി നിര്‍ണായകമാണ്. 

2011ലും 2016ലും 2021ലും നേമത്ത് വി ശിവൻകുട്ടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ഇതിൽ 2016ൽ മാത്രമാണ് ശിവൻകുട്ടി പരാജയപ്പെട്ടത്. എന്നാൽ, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം മണ്ഡലത്തിൽ ലഭിച്ച ലീഡിന്‍റെ ആത്മവിശ്വാസത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപിയിറങ്ങുന്നത്. 2016ൽ ഒ രാജഗോപാലിലൂടെ ചരിത്രം കുറിച്ച ബിജെപിക്ക് 2021ൽ മണ്ഡലം നിലനിര്‍ത്താനായില്ല. 2021ൽ കുമ്മനം രാജശേഖരനെ ഇറക്കിയെങ്കിലും ശിവൻകുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 

അതേസമയം, പുനര്‍ജനി പദ്ധതി വിവാദത്തിലും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ശബരിമലയിൽ നടന്നതുപോലെയുള്ള കൊള്ളയാണ് പുനര്‍ജനി പദ്ധതിയിലും നടന്നതെന്നും 19 കോടിയുടെ ആക്ഷേപമാണ് വന്നതെന്നും വി ശിവൻകുട്ടി പറ‍ഞ്ഞു. പ്രതിപക്ഷ നേതാവിനെപോലെ ഒരാള്‍ക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍ അത് കാര്യമില്ലാതെ ആയിരിക്കില്ലലോയെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അങ്ങനെയൊരു റിപ്പോര്‍ട്ട് എഴുതികൊടുക്കാൻ കഴിയില്ലലോയെന്നും വി ശിവൻകുട്ടി പറഞ്ഞു. രാജ്യം കടന്നുള്ള കാര്യമായതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതിൽ ഭയക്കുന്നത് എന്തിനാണ്? പേടിച്ചുപോയെന്ന് സതീശൻ പറഞ്ഞതിന് ലളിതവത്കരിക്കേണ്ട. എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാനാകില്ല. ബോധപൂര്‍വം പ്രതിപക്ഷ നേതാവിനെതിരെ അടിസ്ഥാനരഹിതമായ ഒരു കുറ്റമൊന്നും ചുമത്താൻ കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

വി ശിവൻകുട്ടിയുടെ പിന്മാറ്റം പരാജയ ഭീതി മൂലമെന്ന് വിൻസെന്‍റ് എംഎൽഎ

മത്സരിക്കാൻ ഭയന്ന് എൽഡിഎഫ് നേതാക്കള്‍ ഒരോരുത്തരായി പിൻവാങ്ങുന്നതിന്‍റെ സൂചനയാണ് ശിവൻകുട്ടിയുടെ പ്രസ്താവനയെന്ന് കോവളം എംഎൽഎ വിൻസെന്‍റ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് ഈ പരാജയഭീതിയുടെ കാരണമെന്നും ശിവൻകുട്ടിക്ക് പിന്നാലെ പലരും ഈ തീരുമാനത്തിലേക്ക് വരുമെന്നും വിൻസെന്‍റ് എംഎൽഎ പറഞ്ഞു.

YouTube video player