കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, വ്യാവസായിക പരിശീലന കേന്ദ്രങ്ങളിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന കോഴ്‌സുകൾ ആരംഭിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 

തിരുവനന്തപുരം: കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച 'മെറിടോറിയ 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗം വളരുന്ന വ്യാവസായിക മേഖലയിൽ അക്കാദമിക പരിജ്ഞാനത്തോടൊപ്പം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള തൊഴിൽ പരിശീലനവും അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വ്യാവസായിക പരിശീലന മേഖലയിൽ കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം, ഇൻഡസ്ട്രി 4.0 ന്റെ ആവശ്യത്തിനായി നൂതന കോഴ്‌സുകൾ ആരംഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനികമായ പരിശീലനം ഉറപ്പാക്കും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

നൈപുണ്യമുള്ള യുവജനങ്ങളാണ് നാളത്തെ രാജ്യപുരോഗതിയുടെ അടിസ്ഥാനശിലയെന്ന് മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തൊഴിൽ നൈപുണ്യം പകർന്നു നൽകി വിദ്യാർത്ഥികൾക്ക് ജീവിതവഴി കാട്ടുന്നവരാണ് അധ്യാപകർ. അവരുടെ സേവനം ഏറ്റവും മഹത്തരമാണ്. അധ്യാപകർക്ക് ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരവും മറ്റുള്ളവർക്ക് പ്രചോദനവുമാണ്. വിദ്യാർത്ഥികളുടെ വിജയം അവരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ്. വിജയികൾക്കുള്ള യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നും നിരന്തരമായ പഠനത്തിലൂടെയും സ്വയം നവീകരണത്തിലൂടെയും മാത്രമേ ഈ മത്സര ലോകത്ത് മുന്നേറുവാൻ കഴിയുള്ളു എന്നും മന്ത്രി പറഞ്ഞു.

നൈപുണ്യ പരിശീലന വിഭാഗത്തിലെ 2025 ലെ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ജയേഷ് കണ്ണച്ചെൻതൊടിയ്ക്കും, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും, എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റിൽ സംസ്ഥാനതല റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാർക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, അഡീഷണൽ ഡയറക്ടർ പി വാസുദേവൻ, ജോയിന്റ് ഡയറക്ടർ എ ഷമ്മി ബേക്കർ തുടങ്ങിയവർ പങ്കെടുത്തു.