ഇൻഡിഗോ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി ഒരു പ്രാവ് എത്തിയത് യാത്രക്കാർക്ക് കൗതുകമായി. വിമാനത്തിനുള്ളിൽ പറന്നുനടന്ന പ്രാവിന്റെ വീഡിയോ യാത്രക്കാരിലൊരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇത് വൈറലായി.
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ അപ്രതീക്ഷിത അതിഥിയെത്തി. വലിയ പ്രതിസന്ധികളിൽ വലഞ്ഞ ഇൻഡിഗോയിലേക്ക് എത്തിയത് മറ്റാരുമായിരുന്നില്ല, ഒരു പ്രാവായിരുന്നു. വിമാനത്തിൽ അങ്ങോളമിങ്ങോളം പറന്ന് നടക്കുന്ന പ്രാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. അപ്രതീക്ഷിതമായി എത്തിയ പ്രാവിനെ കണ്ട് കാബിൻ ചിരിയും കൗതുകവും നിറഞ്ഞ നിമിഷങ്ങളിലേക്ക് വഴിമാറി.
യാത്രക്കാരിൽ ഒരാളായ കർൺ പരേഖ് ആണ് ഈ രംഗങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിമാനത്തിൻ്റെ ഇടനാഴിയിലൂടെ പ്രാവ് ചിറകടിച്ച് പറക്കുന്നതും യാത്രക്കാർ ചിരിച്ചുകൊണ്ട് അത് ചിത്രീകരിക്കുന്നതും പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇടനാഴിയിൽ നിന്ന് ഒരാൾ പ്രാവിനെ പിടികൂടാൻ ശ്രമിക്കുന്നതും മറ്റ് യാത്രക്കാർ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. "വിമാനത്തിലെ ഒരു അപ്രതീക്ഷിത അതിഥി. സന്തോഷം നിറഞ്ഞ നിമിഷം ആസ്വദിച്ചു," എന്നാണ് വഡോദര വിമാനത്തിലെ സംഭവമാണെന്ന് സൂചിപ്പിക്കുന്ന ഹാഷ്‌ടാഗോടെ പരേഖ് വീഡിയോയുടെ അടിക്കുറിപ്പായി നൽകിയത്. 'ഇൻ-ഫ്ലൈറ്റ് വിനോദത്തിന് ലഭിച്ച അപ്ഗ്രേഡ്' എന്നായിരുന്നു ചിലര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
തടസങ്ങൾക്കിടെ പുറത്തുവന്ന വീഡിയോ
രാജ്യത്ത് വ്യോമയാന മേഖലയിൽ തടസ്സങ്ങൾ തുടരുന്നതിനിടയിലാണ് ഈ സംഭവം. തുടർച്ചയായ ഏഴാം ദിവസവും വ്യാപകമായ തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് തിങ്കളാഴ്ച മാത്രം 450-ൽ അധികം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. പരിഷ്കരിച്ച പൈലറ്റ് വിശ്രമ നിയമങ്ങൾ നടപ്പാക്കിയതിനെ തുടർന്നുള്ള കോക്പിറ്റ് ക്രൂവിലെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് എയർലൈൻ വിശദീകരിച്ചു. സർക്കാർ താൽക്കാലികമായി നിയമം നിർത്തിവെച്ചതോടെ, ഡിസംബർ 10-ഓടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോയുടെ പ്രതീക്ഷ.


