'ഈ കപ്പല്‍ ആടി ഉലയുകയില്ല, നവകേരളത്തിന്റെ തീരത്ത് നങ്കൂരമിടും...'; മുഖ്യമന്ത്രിയെ ക്ഷണിച്ചുകൊണ്ട് ആവർത്തിച്ച് വീണ ജോർജ്
പത്തനംതിട്ട: നവകേരള സദസ് പത്തനംതിട്ടയിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും നവകേരള സദസിന് ആറന്മുളയിലെത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നടത്തിയ സ്വഗത പ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. മുമ്പ് വീണാ ജോർജ് തന്നെ പറഞ്ഞ് ഏറെ ശ്രദ്ധ നേടിയ വൈറലായ ആ വാക്കുകൾ നവകേരള സദസിലും മന്ത്രി ആവർത്തിച്ചു. 'ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്' -എന്നായിരുന്നു വീണ ജോർജ് പറഞ്ഞത്.
മന്ത്രി വീണ ജോർജിന്റെ വാക്കുകൾ
ഇതൊരു ചരിത്ര മുഹൂർത്തമാണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ നമ്മുടെ മണ്ണിലേക്ക്, പത്തനംതിട്ടയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. മന്ത്രിസഭയെ ആറന്മുള സ്വാഗതം ചെയ്യുകയാണ്. റോഡില്ല വീടില്ല , നല്ല ആശുപത്രിയില്ല, നല്ല സ്കൂളില്ല തുടങ്ങി നിരാശയുടെ പടുകുഴിയിലായിരുന്ന നമ്മുടെ നാടിനെ സുസ്ഥിര വികസനത്തിന്റെ, അടിസ്ഥാന സൌകര്യ വികസനത്തിന്റെ കരുതലിന്റെ മാർഗത്തിലേക്ക് നയിച്ചുകൊണ്ട്, നവകേരള സൃഷ്ടിയിലേക്ക് നയിക്കുകയാണ് കേരളത്തിന്റെ കരുത്തുറ്റ മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ച് സംരക്ഷിച്ച ജനനായകൻ, അഭിമാനത്തോടെ ആ വാക്കുകൾ ആവർത്തിക്കുകയാണ്. ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്.

പത്തനംതിട്ടയിലെ നവകേരള സദസിൽ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തി. ക്ഷണൺ ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം. തുടർന്ന്, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും.
