വിവാദങ്ങൾ പാർട്ടിയെ വെട്ടിലാക്കിയെങ്കിലും പുതുതായി വന്ന കാപ്പാ കേസ് പ്രതിയെ അടക്കം ന്യായീകരിക്കുകയാണ് മന്ത്രി. ബിജെപി വിട്ട് സിപിഎമ്മിലെത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്തായി. എസ്എഫ്ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിക്കും സിപിഎം സ്വീകരണം നൽകിയത് ഏറെ വിവാദമായിരുന്നു.
തിരുവനന്തപുരം: പത്തനംതിട്ടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി വീണ ജോർജ്ജ്. നിയമസഭാ അംഗങ്ങൾക്കെതിരെ പോലും നിരവധി കേസുകളുണ്ടെന്നും ഇപ്പോൾ പാർട്ടിയിൽ ചേർന്നവർ ബിജെപിയിൽ പ്രവർത്തിച്ച കാലത്ത് ആർക്കും ആക്ഷേപമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, സിപിഎമ്മിന്‍റെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
വിവാദങ്ങൾ പാർട്ടിയെ വെട്ടിലാക്കിയെങ്കിലും പുതുതായി വന്ന കാപ്പാ കേസ് പ്രതിയെ അടക്കം ന്യായീകരിക്കുകയാണ് മന്ത്രി. ബിജെപി വിട്ട് സിപിഎമ്മിലെത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്തായി. എസ്എഫ്ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിക്കും സിപിഎം സ്വീകരണം നൽകിയത് ഏറെ വിവാദമായിരുന്നു. പൊലീസും ഇതിൽ പ്രതിരോധത്തിലായി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഇന്‍റലിജൻസ് വീഴ്ച ഉണ്ടായില്ലെന്നാണ് എസ്പി പറയുന്നത്.
പാർട്ടിയിൽ ചേർന്നവരിൽ യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി പിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഢാലോചന ആരോപിച്ച് ഇന്ന് എക്സൈസ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് പ്രഖ്യാപിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നേതൃത്വം ഇടപെട്ട് മാറ്റിവെപ്പിച്ചെന്നാണ് സൂചന. അതേസമയം, ജില്ലാ സെക്രട്ടറിയും ഒരു സംഘം നേതാക്കളും ചേർന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒന്നും നോക്കാതെ മാലയിട്ടു സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിലും അമർഷം ശക്തമാണ്.
