സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
തിരുവനന്തപുരം: ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ള ഈ ഉത്തരവ് വിവാദമാവുകയും ചെയ്തു. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ഇതിൽ ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ആഗസ്റ്റ് 12നാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ പ്രതികരിച്ചിരുന്നു. സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവില്‍ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സെഷൻസ് ജഡ്ജിയെ
മേൽക്കോടതി ഇടപെട്ട് ഉടൻ പുറത്താക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും ഇന്ന് പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ജഡ്ജാണ് ഇദ്ദേഹം. അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. ജഡ്ജിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ പ്രതികരിച്ചു.
സെഷൻസ് ജഡ്ജിയുടെ പരാമർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്.
Read Also: എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ല: സിവികിനെതിരായ ആദ്യ പീഡന കേസിലും കോടതിയുടെ വിചിത്ര ന്യായം
