Asianet News MalayalamAsianet News Malayalam

Tribal Girls Suicide : വിതുരയിലെ ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ; വനിതാ ശിശു വികസന മന്ത്രി റിപ്പോർട്ട് തേടി

ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

minister veena george seek report about multiple cases of young tribal girls committing suicide in thiruvananthapuram
Author
Thiruvananthapuram, First Published Jan 15, 2022, 1:28 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ (Tribal Settlements) അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ( Suicide) ചെയ്ത സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി. വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട്  റിപ്പോർട്ട് തേടിയത്. ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കില്ലെന്നും ആരോപണം ഉയർന്നിരുന്നു. പെൺകുട്ടികളുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ്  ആയിരുന്നു.

പഠനത്തിലും കലാപ്രവ‍ർത്തനങ്ങളും മിടുക്കിയായിരുന്ന വെട്ടിയൂർ ആദിവാസി ഊരിലെ പെൺകുട്ടിയെ മണ്ണിൽ കഠിനാധ്വാനം ചെയ്താണ് അച്ഛൻ പഠിപ്പിച്ചത്. മിടുക്കിയായ പെണ്‍കുട്ടിക്ക് കോളേജിൽ ഡിഗ്രിക്ക് പ്രവേശനം കിട്ടിയിരുന്നു. എന്നാല്‍, നവംബർ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം ചേതനയറ്റ മകളെയാണ് അച്ഛൻ കണ്ടത്. താനൊരു ചതിക്കുഴിൽപ്പെട്ടിരിക്കുകയാണെന്ന വിവരം മകള്‍ അച്ഛനോട് പറഞ്ഞിരുന്നു. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗീക ചൂഷണത്തിനും ഇരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടികാട്ടിയിട്ടും പാലോട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തില്ല. മാധ്യമങ്ങള്‍ വിവരങ്ങള്‍ അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെ സുഹൃത്തായ അലൻ പീറ്ററെന്ന പ്രതിയെ രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 

ഒരു പറ ഊരിലെ സമാന സാഹചര്യത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ നവംബറിൽ. മകള്‍ക്ക് പഠനത്തിനായി വാങ്ങികൊടുത്ത മൊബൈൽ ഫോണ്‍ വഴിയുള്ള സൗഹൃദമാണ് വില്ലനായത്. നവംബർ 21ന് പുലർച്ചെ പണിക്കു പോകാനിറങ്ങിയ അച്ഛൻ കണ്ടത് ആത്മഹത്യ ചെയ്ത മകളെ. രണ്ടു മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയുമായി ബന്ധമുള്ള ശ്യാമിനെ അറസ്റ്റ് ചെയ്തത്.

ഒരുപറ ഊരിലിലെ അഞ്ജലിയെന്ന 19 കാരിയും ജീവനൊടുക്കിയത് കഴിഞ്ഞ നവംബറിൽ. അഗ്രിഫാമിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് മകളെ അംബിക ടിടിസിവരെ പഠിപ്പിച്ചത്. മകള്‍ക്കൊരു പ്രണയമുണ്ടായിരുന്നുവെന്നുമാത്രം ഈ അമ്മക്കറിയാം. മകളുടെ മരണത്തിന് പിന്നിലുള്ള ആരെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തത്. രേഷ്മയെന്ന പെണ്‍കുട്ടി ശ്രീകാര്യത്തെ ഹോസ്റ്റലിലാണ് തൂങ്ങിമരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറി‍ഞ്ഞാണ് കൃഷേന്ദുവെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയതെല്ലാം പഠനത്തിൽ മിടുക്കരായ കുട്ടികളാണ്.

Follow Us:
Download App:
  • android
  • ios