കൊച്ചി: എറണാകുളം ജില്ലയിലെ എംഎൽഎമാരുടെ അടിയന്തരയോഗം ഇന്ന്. ജില്ലയുടെ ചുമതലയുള കൃഷി മന്ത്രി വിഎസ് സുനിൽ കുമാറാണ് അടിയന്തര യോഗം വിളിച്ചു കൂട്ടുന്നത്. ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തുടർനടപടികൾ നിശ്ചയിക്കാനാണ് യോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാവും യോ​ഗം ചേരുക. 

ചെല്ലാനം, ആലുവ ക്ലസ്റ്ററുകൾക്ക് പുറമേയുള്ള സ്ഥലങ്ങളിലും രോ​ഗം വ്യാപിക്കുന്ന സാഹചര്യം യോ​ഗം ച‍ർച്ച ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കൊവിഡ് കേസുകൾ റിപ്പോ‍‍ർട്ട് ചെയ്ത ഫോ‍ർട്ട് കൊച്ചിയെ കൊവിഡ‍് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ക‍ർശന നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്നും മന്ത്രി വിഎസ് സുനിൽ കുമാ‍ർ അറിയിച്ചു. 

വാഴക്കുളം പഞ്ചായത്തിലെ നാലാം നമ്പ‍ർ വാർഡ് ഇന്ന് കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണം വേണ്ടി വരുമെന്നാണ് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചത്. എറണാകുളം ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് വ്യാപിക്കുന്നത് ആശങ്കാജനകമാണെന്നും മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. 

ആലുവ മേഖലയിൽ നിയന്ത്രണങ്ങൾ വന്നു 20 ദിവസം കഴിഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ കർഫ്യു നീക്കാൻ സാധിക്കില്ല. കൊച്ചി നഗര പരിധിയിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണ്.  ആലുവയിൽ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ഫോർട്ട് കൊച്ചിയിൽ രോഗ വ്യാപന മേഖലയുടെ മാപ്പിങ്ങ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.