കൊച്ചി: സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന് ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ കിട്ടിയെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരമൊരു സൂചന കിട്ടിയത്. മന്ത്രി ഇ പി ജയരാജന്‍റെ മകനാണ് കമ്മീഷൻ കിട്ടിയതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നാണ് കണ്ടെത്തൽ. യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസ്ന്‍റ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നി‍ർമിക്കുന്നതിനാണ് യൂണിടെകിന് കരാർ കിട്ടിയത്. നിർമാണ കരാ‍ർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാൻ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനകളെത്തുടർന്നാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. മന്ത്രി പുത്രന്‍റെ ദുബായ് യാത്രകളും അന്വേഷിക്കുന്നുണ്ട്. 

Also Read: 'ലൈഫ് ഇടപാടിൽ മന്ത്രിപുത്രന്‍റെ പങ്കും അന്വേഷിക്കണം': ഇപി ജയരാജന്‍റെ മകനെതിരെ കെ സുരേന്ദ്രൻ

സ്വപ്ന സുരേഷും മന്ത്രി പുത്രനും ഒരുമിച്ചുളള ചിത്രങ്ങളും അന്വേഷണ സംഘങ്ങൾക്ക് കിട്ടിയിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു കോടി കൂടാതെ കോൺസൽ ജനറൽ അടക്കമുളള മറ്റ് ചിലർക്കും കമ്മീഷൻ കിട്ടിയതായി സ്വപ്ന സുരേഷ് തന്നെ കേന്ദ്ര ഏജൻകളോട് പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വിവരശേഖരണം. എന്നാൽ, മന്ത്രി ഇപി ജയരാജന്‍റെ മകൻ ജയ്സൺ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ കിട്ടിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. ലൈഫ് മിഷനിലെ കമ്മീഷൻ സംബന്ധിച്ച് കെട്ടിട നിർമാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്.