തൃശൂര്‍: ഇതര സംസ്ഥാനങ്ങളിൽ നിന്ന് പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസിൽ ഏജന്‍റിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഒഡിഷ സ്വദേശിയായ നാഗേന്ദ്ര എന്നയാളാണ് പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളെ വ്യാജരേഖകളുണ്ടാക്കി കേരളത്തിലെത്തിച്ചത്. പെൺകുട്ടികളെയുംകൊണ്ട് ന​ഗരത്തിലെത്തിയ നാഗേന്ദ്രയെ വെള്ളിയാഴ്ചയാണ് തൃശൂർ പൊലീസ് പിടികൂടിയത്.

ഐപിസി 317-ാം വകുപ്പ് പ്രകാരം നാഗേന്ദ്രക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ആധാർ കാർഡുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികളുടെ മൊഴിയെടുത്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, കന്യാസ്ത്രീ മഠങ്ങളില്‍ ജോലി ചെയ്യുന്നതിനായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ കേരളത്തിൽ എത്തിച്ചത്. പെണ്‍കുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.