ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും പൊലീസ് കുറിപ്പില്‍ പങ്കുവെച്ചു. 

പ്രായപൂര്‍ത്തിയാവാത്ത മകന്‍ (minor son) ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് (Driving) രക്ഷകര്‍ത്താവിന് (Father) 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി (Court). കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ് (Kerala Police) വിവരങ്ങള്‍ ഫേസ്ബുക്ക് (Facebook page) പേജില്‍ പങ്കുവെച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും പൊലീസ് കുറിപ്പില്‍ പങ്കുവെച്ചു. പണമുണ്ടാക്കാനും തടവുശിക്ഷ അനുഭവിക്കാനും നമുക്ക് സാധിക്കുമെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച് അപകടം സംഭവിച്ചാലോ മറ്റുള്ളവര്‍ക്ക് അപകടം സംഭവിച്ചാലോ നമ്മള്‍ക്ക് സഹിക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം നല്‍കരുതെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞു. 

കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹു. കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്‌സ് മെസേജില്‍ ആ രക്ഷാകര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...'ആരും ഇത് ആവര്‍ത്തിക്കരുത് 25000 രൂപ പോയിക്കിട്ടും. എന്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാന്‍ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല. ഒരു ദിവസമോ ഒരു വര്‍ഷമോ രക്ഷിതാവിന് തടവും പ്രശ്‌നമല്ല. വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസന്‍സ് എടുക്കാന്‍ പറ്റാത്തതും കാര്യമാക്കേണ്ട. പ്രായപൂര്‍ത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാല്‍? ഇവന്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവന്‍ അപകടത്തിലായാല്‍? ആ രംഗങ്ങള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? 'നമ്മുടെതാണ് മക്കള്‍ 'എന്ന ചിന്ത മാത്രം നമ്മളില്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും പ്രായപൂര്‍ത്തിയാവാതെ ലൈസന്‍സില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നല്‍കില്ല.... അവന്‍ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല......