Asianet News MalayalamAsianet News Malayalam

സിനിമയിലെ മോശം പെരുമാറ്റം; മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നേതാവും, പ്രതികരണവുമായി നേതാവ്

ആരോപണ വിധേയനായ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് നേതാവാണ്. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ വിഎസ് ചന്ദ്രശേഖരന്‍ കെപിസിസിയുടെ നിയമ സഹായ വിഭാഗത്തിൻ്റെ അധ്യക്ഷനും കൂടിയാണ്. 

Misbehavior in Cinema; Congress leader vs chandrashekhar reacts to Minu Munir's comments
Author
First Published Aug 26, 2024, 4:53 PM IST | Last Updated Aug 26, 2024, 6:29 PM IST

കൊച്ചി: സിനിമ മേഖലയിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട നടി മിനു മുനീറിന്‍റെ ആരോപണത്തില്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവും. തന്നോട് മോശമായി പെരുമാറിയവരുടെ പട്ടികയില്‍ മിനു ഉള്‍പ്പെടുത്തിയ അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് പോഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റാണ്. കെപിസിസിയുടെ നിയമ സഹായ സമിതിയുടെ അധ്യക്ഷനുമാണ് വിഎസ് ചന്ദ്രശേഖരന്‍. 

മിനു അഭിനയിച്ച ശുദ്ധരില്‍ ശുദ്ധന്‍ എന്ന സിനിമയുടെ നിര്‍മാതാവിന് തന്നെ കാഴ്ച വയ്ക്കാന്‍ ചന്ദ്രശേഖരന്‍ ശ്രമിച്ചെന്നായിരുന്നു മിനുവിന്‍റെ ആരോപണം. സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. മറിച്ച് ഒരു തരത്തിലുളള ബന്ധവും മിനുവുമായി ഉണ്ടായിരുന്നില്ല. താന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മിനു ആരോപിച്ചിട്ടുമില്ല. ഭാവിയില്‍ മിനു പരാതി നല്‍കിയാല്‍ നിയമപരമായി അപ്പോള്‍ നേരിടാന്‍ തയ്യാറാണെന്നും ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ രംഗത്തെത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. 

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.

2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു. തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടൻ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു.  പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. കലണ്ടര്‍ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറ‍ഞ്ഞത്. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി.

ഗൗനിക്കേണ്ടവരെയൊക്കെ ഗൗനിച്ചാലെ പരിഗണനയുണ്ടാകുകയുള്ളുവെന്നും പറഞ്ഞ് എന്നെ കിടക്കയിലേക്ക് ബലമായി കിടത്തി. പിന്നീട് താൻ അവിടെ നിന്ന് പോവുകയായിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇനി മലയാളത്തില്‍ അഭിനയിക്കാൻ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. കലണ്ടര്‍ സിനിമയില്‍ രാജു ചേട്ടന്‍റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്‍റെ വണ്ടിയിലാണ് ഒരു ദിവസം മണിയൻപിള്ള രാജുവിനെ പ്രൊഡക്ഷൻ ടീം കയറ്റിയത്. വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്‍റെ റൂമില്‍ രാത്രി വരുമെന്ന് പറഞ്ഞു. അങ്ങനെയാണ് രാത്രി വാതിലിൽ വന്ന് മുട്ടിയതെന്നും മിനു മുനീര്‍ പറഞ്ഞു.

അമ്മയില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കാൻ ഇടവേള ബാബു ഫ്ലാറ്റിലേക്ക് വിളിച്ചു. തുടര്‍ന്ന് തന്നെ കെട്ടിപിടിച്ചു. പിന്നീട് അവിടെ നിന്ന് ഇറങ്ങിപോവുകയായിരുന്നു.താനറിയാതെ അമ്മയില്‍ അംഗത്വം എടുക്കാൻ നോക്കുകയായിരുന്നുവെന്നും താനറിയാതെ ഒന്നും നടക്കില്ലെന്നുമാണ് പിന്നീട് മുകേഷ് പറഞ്ഞത്. ലൈംഗിക ചുവയോടെ വളരെ മോശമായിട്ടാണ് മുകേഷ് സംസാരിച്ചത്.പ്രൊഡക്ഷൻ കണ്‍ട്രോളര്‍ നോബിളും തന്നെ ഉപദ്രവിച്ചു. കാറിനുള്ളിൽ വച്ച് കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ ഉമ്മ വെക്കുകയും ചെയ്തു. പ്രതിരോധിച്ചിട്ടും ഉപദ്രവം തുടര്‍ന്നു.ഡോര്‍ തുറന്ന് ചാടാനൊരുങ്ങിയപ്പോഴാണ് അങ്ങേര് നിര്‍ത്തിയത്.-മിനു മുനീർ കൂട്ടിച്ചേർത്തു. 

'ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം': മേജർ രവി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios