കോഴിക്കോട്: ഓണനാളിൽ കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയിൽ ഫിഷിങ് ഹാർബറിനടുത്ത് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബീച്ചിൽ 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതായിരുന്നു ആദിൽ അർഷാദ്. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. 

ഇന്നലെ കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിലും ഒരാളെ കാണാതായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.