കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് മത്സ്യതൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതര്‍. കൊല്ലം പള്ളിതോട്ടം പോർട്ടിൽ അല്‍പ്പസമയത്തിനകം നാലുപേരെയും എത്തിക്കും. ശനിയാഴ്‍ച വൈകുന്നേരം ആറ് മണിക്കാണ് സ്നേഹിതന്‍ എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയത്. 

വൈകുന്നേരം അറരമണിക്കും ഒൻപത് മണിക്കും ബോട്ടിലുള്ള മജീദ് എന്നയാള്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. രാത്രി ഒന്നര മണിയോടെ ബോട്ടിന്‍റെ പ്രോപ്പലറിലേക്ക്  വലചുറ്റിയതായി ഇയാളില്‍ നിന്നും വിവരം ലഭിച്ചു . തുടർന്ന് മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടുകള്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും വൈകുന്നേരംവരെ ബോട്ട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ ഏഴര മണിക്ക് തിരുത്ത് നിന്ന്  എട്ട് നോട്ടിക്കൽ മൈൽ ദൂരെയായി ബോട്ട് ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നേവിയുടെ സഹായത്തോടെയുള്ള തിരച്ചിൽ വൈകിക്കുന്നു എന്ന് ആരോപിച്ച് തൊഴിലാളികളുടെ ബന്ധുക്കൾ മറൈൻ എൻഫോഴ്സ്മെന്‍റ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.