കാസർകോട്: ബേക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കിഴൂർ കടപ്പുറം സ്വദേശി ദാസന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ചിത്താരി കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഒമ്പത് മണിയോടെ ബേക്കൽ കോട്ടയോട് ചേർന്ന് പുതിയകടപ്പുറത്താണ് അപകടമുണ്ടായത്. ചേറൂരിൽ നിന്നും ഫൈബർ തോണിയിലാണ് പത്തംഗ സംഘം മത്സ്യ ബന്ധനത്തിനായെത്തിയത്. ബേക്കലിൽ തീരത്തോട് ചേർന്ന് തന്നെ വലയിറക്കി. ഇതിനിടയിൽ കൂറ്റൻ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തികരകയറി. പരിക്കേറ്റ അഞ്ച് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാസന് വേണ്ടി ഉടനെ തന്നെ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ തകർന്ന ബോട്ടും വലയും മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് വലിച്ച് കരകയറ്റിയത്.