ഓരോ കമ്പാർട്ട്മെന്റിലും കയറി തെരഞ്ഞ പൊലീസ് സംഘം, യാത്രക്കാരെ വിളിച്ചുണർത്തി കുട്ടിയുടെ ഫോട്ടോ കാണിച്ച് എവിടെയെങ്കിലും കണ്ട പരിചയമുണ്ടോയെന്നും ആരാഞ്ഞു. കാണാതായ കുട്ടിയുടെ പ്രായത്തിലുള്ള കുട്ടികളോട് വിവരങ്ങൾ തിരക്കുകയും ചെയ്തു.

പാലക്കാട്: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനെ ട്രെയിനിൽ കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് അസമിലെ സിൽചറിലേക്ക് പുറപ്പെട്ട അരോണയ് എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്യാനുള്ള സാധ്യത കണക്കിലെടുത്തി പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. 

പാലക്കാട് നിന്ന് ട്രെയിനിൽ കയറിയ പൊലീസ് സംഘം കോയമ്പത്തൂർ വരെ ട്രെയിനിൽ വിശദമായ പരിശോധന നടത്തി. ഓരോ കമ്പാർട്ട്മെന്റിലും കയറി തെരഞ്ഞ പൊലീസ് സംഘം, യാത്രക്കാരെ വിളിച്ചുണർത്തി കുട്ടിയുടെ ഫോട്ടോ കാണിച്ച് എവിടെയെങ്കിലും കണ്ട പരിചയമുണ്ടോയെന്നും ആരാഞ്ഞു. കാണാതായ കുട്ടിയുടെ പ്രായത്തിലുള്ള കുട്ടികളോട് വിവരങ്ങൾ തിരക്കുകയും ചെയ്തു.

രണ്ട് ഘട്ടങ്ങളിലായി ട്രെയിനിൽ പൊലീസ് സംഘം വിശദ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ജനറൽ കമ്പാർട്ട്മെന്റുകളിലും റിസ‍ർവേഷൻ, എസി കമ്പാർട്ട്മെന്റുകളിലും ബാത്ത് റൂമുകൾ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിലും പരിശോധന പൂർത്തിയാക്കിയ ശേഷം കേരള പൊലീസ് സംഘം കോയമ്പത്തൂരിൽ ഇറങ്ങി. റെയിൽവെ സംരക്ഷണ സേനയുടെ നേതൃത്വത്തിൽ ട്രെയിനിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം കഴക്കൂട്ടത്തും പരിസരത്തും പൊലീസ് സംഘം വിശദമായ പരിശോധന നടത്തുകയാണ്. മൂന്ന് മണിക്കൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് കഴക്കൂട്ടം ജംഗ്ഷൻ വരെ പൊലീസിന് ലഭിച്ചത്. തുടർന്ന് കുട്ടി എവിടേക്കാണ് പോയതെന്ന് വ്യകതമല്ല. കഴക്കൂട്ടം മേഖലയിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ. 

കടകളുടെ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പരിശോധന നടത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് എത്തി അന്വേഷണം നടത്തുന്നു. കേരളത്തിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുട്ടിക്ക് എവിടെയെങ്കിലും പോകാൻ ടിക്കറ്റ് എടുക്കാനോ ഭാഷ അറിയാത്തതിനാൽ ആരുടെയെങ്കിലും സഹായം തേടാനോ പ്രയാസമായിരിക്കുമെന്നാണ് അനുമാനം. 

ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. 

വിവരം ലഭിച്ചതിന് പിന്നാലെ കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം