യുഎഇയിലാണ് ഈ കുടുംബം 12 വര്‍ഷമായി കഴിയുന്നത്. കഴിഞ്ഞ നാല് മാസമായി ഇവരെക്കുറിച്ച് വിവരമില്ല. ഇന്നലെ ബന്ധുക്കൾ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു

കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളേയും മക്കളേയും വിദേശത്ത് കാണാതായ സംഭവത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. യമനിലേക്ക് ഇവര്‍ കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് ദുബായില്‍ നിന്ന് കാണാതായത്. 

യുഎഇയിലാണ് ഈ കുടുംബം 12 വര്‍ഷമായി കഴിയുന്നത്. കഴിഞ്ഞ നാല് മാസമായി ഇവരെക്കുറിച്ച് വിവരമില്ല. ഇന്നലെ ബന്ധുക്കൾ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ കുടുംബം ബന്ധപ്പെട്ടിട്ടുണ്ട്. മതപഠനത്തിന് പോയെന്നാണ് വിശദീകരണം. ഇതുവരേയും സംഭവത്തില്‍ തീവ്രവാദം ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലനില്‍ക്കേ ഇവര്‍ എങ്ങനെ അവിടെയെത്തി എന്നതടക്കമായിരിക്കും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുക. കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നത്.