ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തി. എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കിട്ടിയത് ആറ്റിങ്ങൽ കോടതിയിൽ നിന്ന്. ബോധപൂർവ്വമായ അട്ടിമറിയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു.
തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടി മുതൽ കണ്ടെത്തി. കഴക്കൂട്ടം പൊലിസ് 2018ൽ പിടികൂടി ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് ശേഷം കാണാതായതോടെ വിചാരണ തടസ്സപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. വാർത്തയെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. വഞ്ചിയൂർ കോടതിയിൽ എത്തേണ്ട തൊണ്ടി മുതൽ ആറ്റിങ്ങൽ കോടതിയിൽ നിന്നാണ് പൊലിസ് കണ്ടെത്തിയത്. വർഷങ്ങളോളം മുടങ്ങി വിചാരണ ഉടൻ ആരംഭിക്കും.
ഏഴു വർഷം പഴക്കമുള്ള ലഹരി കേസിലെ തൊണ്ടിമുതൽ കാണാതായതോടെ വിചാരണ തടസ്സപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 2018 ഏപ്രിൽ 17നാണ് വെട്ടുറോഡിന് സമീപം വച്ചാണ് എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമായി മുഹമ്മദ് മുറാജ്ജുദ്ദീൻ എന്നയാളെ പൊലിസ് പിടികൂടുന്നത്. തൊണ്ടിമുതലുകള്‍ ഫൊറൻസിക് പരിശോധനക്ക് അയക്കാൻ പൊലിസ് കോടതിയിൽ നൽകി. 2023 ജനുവരി 24ന് കേസ് വിചാരണക്കെടുത്തപ്പോഴാണ് തൊണ്ടുമുതലുകൾ കോടതിയിൽ ഇല്ലെന്ന വിവരം ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. ഇതോടെ വൻ തോതിൽ നടന്ന ലഹരി വേട്ടയുടെ വിചാരണ നിർത്തിവച്ചു.
പൊലിസിനോട് അന്വേഷിക്കാൻ കോടതി ആവശ്യപ്പെട്ടു. തൊണ്ടി സാധനങ്ങള്‍ ഫൊറൻസിക് ലാബിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്ന പൊലിസുകാരനെ കഴക്കൂട്ടം സ്റ്റേഷനിൽ നിന്നും മാറ്റിയതൊഴിച്ചാൽ ഒരു നടപടയും പൊലിസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. അന്വേഷണ വീഴ്ചയും കുറ്റപത്രം നൽകുന്നതിലെ കാലതാമസവും കാരണം ലഹരി കേസിൽ പ്രതികള്‍ രക്ഷപ്പെടുന്നതിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ കഴക്കൂട്ടം കേസിലെ വിചാരണ തടസ്സപ്പെട്ടതും പുറത്തുവന്നു. വാർത്തക്കു പിന്നാലെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണ തോംസണ്‍ ജോസ് കഴക്കൂട്ടം അസി.കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പട്ടു. അന്വഷണം നടത്തിയ അസി.കമ്മീണറായിരുന്ന ദിനിൽ കേസെടുത്ത് സമഗ്ര അന്വേഷണം ശുപാർശ ചെയ്തു. ദിനിലിന്റെ മൊഴിയിലാണ് വഞ്ചിയൂർ പൊലിസ് കേസെടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.
ഫോറൻസിക് ലാബിലെ രേഖകളാണ് ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ വിനു കുമാർ ആദ്യം പരിശോധിച്ചത്. കഴക്കൂട്ടം കേസിലെ ഫലം ഉള്‍പ്പെടെ 11 കേസുകളിൽ 35 പാക്കറ്റുകള്‍ ഫോറൻസിക് ലാബിൽ നിന്നും ഒരേ ദിവസം വാങ്ങിയതായി രേഖകളിൽ കണ്ടെത്തി. തൊണ്ടി സാധനങ്ങള്‍ ഏതൊക്കെ കോടതിയിൽ നൽകിയെന്ന് വ്യക്തമായ പറയാൻ കഴിയില്ലെന്നായിരുന്നു പൊലിസുകാരൻ ബിജുവിൻെറ മൊഴി. ആറ്റിങ്ങൽ, വഞ്ചിയൂർ കോടതികളിലെ തൊണ്ടി സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്ത് പൊലിസ് പരിശോധിച്ചു. ആറ്റിങ്ങൽ കോടതിയിൽ നിന്നും കാണാതായ ലഹരിവസ്തുക്കള്‍ പൊലിസ് കണ്ടെത്തി. ഇതോടെ വർഷങ്ങളായി മുടങ്ങി കിടന്ന ലഹരി കേസിൻെറ വിചാരണ പുരാംഭിക്കാൻ വഴി തുറക്കുകയാണ്. തൊണ്ടി മുതൽ കണ്ടെത്തിയ കാര്യം വിചാരണ കോടതിയെ അറിയിക്കുകയും തുടർ നടപടിയിലേകക് ഉടൻ കടക്കുമെന്ന സിറ്റി പൊലിസ് കമ്മീഷണർ പറഞ്ഞു.



