ഇടുക്കിയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനായി കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തി. ഇന്ന് ഇവർ പട്രോളിംഗ് നടത്തും, നാളെ മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജ്ജിതമാകും. ദൗത്യത്തിനായി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. ഇന്ന് കുങ്കികൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ മയക്കു വെടി വെക്കും. ഇതിനായി നാളെ മേഖലയിൽ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ.

വിനോദസഞ്ചാരത്തിനും നിരോധനം

ഇന്ന് മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കാണ്. ഇതിനിടെ ഇന്നലെയും ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടായിരുന്നു. അതേസമയം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സി പി ഐ ചിന്നക്കനാലിൽ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player