കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിനെ തുടർന്ന് പുനരന്വേഷണം നടക്കട്ടെയെന്ന് കെ കെ ശൈലജ പ്രതികരിച്ചു. അതേസമയം, വർഗീയ ചേരിതിരിവുണ്ടാക്കാൻ സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് വ്യാജ സ്ക്രീൻഷോട്ടെന്നും ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ കെ ശൈലജ. കാഫിർ സ്ക്രീൻഷോട്ടിൽ പുനർ അന്വേഷണം നടക്കട്ടെയെന്നും പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെയെന്നും ശൈലജ പറഞ്ഞു. താൻ വടകരയിൽ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നു. വർഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചര്‍ പ്രതികരിച്ചു. നേരത്തെ, കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' എന്ന വ്യാജ സ്‌ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


