സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും
കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നൽകി നാട്. പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. കുവൈറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ എത്തിയത്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു.
