ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐ സി യുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ ചികിത്സ വിവരങ്ങൾ പങ്കുവച്ച് രംഗത്ത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐ സി യുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ച മുനീർ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

മുനീറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

പ്രിയമുള്ളവരെ, 
എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്. 
എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.

ബഫർസോണിന് അനുകൂലമല്ലേ സർക്കാർ? 2019 ലെ മന്ത്രിസഭ തീരുമാനം ചൂണ്ടിക്കാട്ടി സുധാകരൻ; 'ജനകീയ പ്രക്ഷോഭം തുടങ്ങും'

അതേസമയം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍റെ ജീവകാരുണ്യ പ്രവ‍ർത്തനം നേരത്തെ വാർത്തയായിരുന്നു. തിരക്കുകൾക്കിടയിലും, രോ​ഗിയായ ഒരു ചെറുപ്പക്കാരനെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്ത കാര്യം ചൂണ്ടികാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടിയത്. പൂക്കോയ തങ്ങൾ ഹോസ്പൈസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രോഗിയായ ആ ചെറുപ്പക്കാരന്റെ വേദനയില്‍ ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുക കൂടിയാണെന്നാണ് ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായപ്പോഴെനിക്ക് തോന്നിയതെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു കുറിപ്പ്. കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ, അത്യധികം വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും സാദിഖലി തങ്ങളെ കണ്ടപ്പോൾ ചെറുപ്പക്കാരന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിവരണാതീതമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഒരു വര്‍ഷത്തിലധികമായി കഴിച്ചു തീര്‍ത്ത വേദന സംഹാരികളേക്കാള്‍ ഫലം ഈയൊരു കൂടിക്കാഴ്ചക്ക് നല്‍കാനായിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടെന്ന് തോന്നിയെന്നും കുറിപ്പ് പറയുന്നു.

'ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുകയായിരുന്നു'; സാദിഖലി തങ്ങളെ പ്രശംസിച്ച് കുറിപ്പ്