കോഴിക്കോട്: യുഡിഎഫിന് പരിക്കേൽക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്ന് എം കെ മുനീർ. കോൺഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. കൂടുതൽ സീറ്റുകൾ സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളിൽ നിന്നുയരുന്ന അഭിപ്രായം പാർട്ടി നിലപാടല്ലെന്നും എം കെ മുനീർ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഇപ്പോൾ ലീഗിന്റെ അജണ്ടയിലില്ലെന്നും എം കെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫ് അജണ്ട  ലീഗ്  നിശ്ചയിക്കുന്നുെവന്ന സിപിഎമ്മിന്‍റെയും ബിജെപിയുടെയും വിമര്‍ശനം ഒരു ഭാഗത്തും സംവരണ വിഷയത്തിലെ ലീഗ്  നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ മറുഭാഗത്തും നിൽക്കുമ്പോഴാണ് എം കെ മുനീര്‍ നയം വ്യക്താക്കുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന, മുന്നണിയെ പരിക്കേല്‍പ്പിക്കുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് മുനീർ ഉറപ്പിച്ച് പറഞ്ഞു.

ലീഗിനെതിരെ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണം മുന്നണിക്ക് സൃഷ്ടിക്കാവുന്ന അപകടം ലീഗ് തിരിച്ചറിയുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം അടക്കമുളള ഒരു കാര്യങ്ങളും ഇപ്പോൾ ലീഗിൻ്റ അജണ്ടയിലില്ല. കൂടുതൽ സീറ്റുകൾ സംബന്ധിച്ച് കല്‍പ്പറ്റ അടക്കമുളള മണ്ഡലങ്ങളില്‍ നിന്നുയര്‍ന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്നും ഇക്കാര്യം യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും മുനീ‍ർ പറഞ്ഞു. 

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുനീർ പറയുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളടക്കമുളള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ പാര്‍ട്ടി തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.