Asianet News MalayalamAsianet News Malayalam

'എംഎൽഎ സർക്കാർ ഭൂമി കയ്യേറിയിട്ടില്ല', മാത്യു കുഴൽനാടന് പിന്തുണയുമായി ഭൂമി വിറ്റയാൾ

'2.15 കോടി  രൂപയ്ക്കാണ് ഇടപാട് നടത്തിയത്'. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് നികുതി വെട്ടിച്ചെന്ന വിജിലൻസ് കണ്ടെത്തൽ ശരിയല്ലെന്ന് പീറ്റർ ഓസ്റ്റിൻ പറയുന്നു. 

MLA Mathew Kuzhalnadan has not encroached government land says land seller peter austin apn
Author
First Published Jan 29, 2024, 7:09 AM IST

കൊല്ലം : മാത്യു കുഴൽനാടൻ എം എൽ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എൽ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ. എം എൽ എയ്ക്ക് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്യു കുഴൽനാടൻ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്നിങ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റ‍ര്‍ ഓസ്റ്റിൻ പറയുന്നു

പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്. ന്യായവിലയേക്കാൾ ഉയർന്ന വിലയ്ക്കായിരുന്നു ഒരു ഏക്കർ 20 സെൻ്റ് ഭൂമി ഉൾപ്പെടെ വിറ്റത്. 

'2.15 കോടി  രൂപയ്ക്കാണ് ഇടപാട് നടത്തിയത്'. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് നികുതി വെട്ടിച്ചെന്ന വിജിലൻസ് കണ്ടെത്തൽ ശരിയല്ലെന്ന് പീറ്റർ ഓസ്റ്റിൻ പറയുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടമാണ്. നമ്പർ കിട്ടിയിട്ടില്ല. നിർമ്മാണം പൂർത്തിയാക്കാത്ത കെട്ടിടമാണ്. അതുകൊണ്ട് കാണിച്ചില്ലെന്നാണ് പീറ്റർ ഓസ്റ്റിന്റെ വാദം. 

മാത്യു കുഴൽനാടൻ്റെ ദീർഘകാലമായുള്ള സുഹൃത്താണ് പീറ്റർ. പരാതിയിൽ  രണ്ടു തവണയാണ് പീറ്ററിനേയും ഭാര്യയുടെ അമ്മ ജെന്നിഫറിനേയും വിജിലൻസ് ചോദ്യം ചെയ്തത്. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്ട്രേഷൻ നടത്തിയതെന്നും കപ്പിത്താൻസ് ഗ്രൂപ്പ് ഡയറക്ടറുമായ പീറ്റർ ഓസ്റ്റിൻ പറയുന്നു.  

മാത്യു കുഴൽനാടന്‍റെ കൈവശമുള്ള അധിക ഭൂമി; 50 സെൻ്റ് ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി റവന്യൂ വകുപ്പ്

അതേ സമയം, മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻ്റ് സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ റവന്യൂ വകുപ്പ് വേഗത്തിലാക്കി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുകയാണ്. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios