തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം സജീവ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. കോന്നിയടക്കമുള്ള മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിഷയം ചര്‍ച്ചയാക്കുന്നുണ്ട്. അതിനിടയിലാണ് വരുന്ന മണ്ഡലകാലവും പിണറായി സര്‍ക്കാര്‍ കുരുതിക്കളമാക്കുമോയെന്ന ചോദ്യവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്തെത്തിയത്.

ഹസന്‍റെ വാക്കുകള്‍

ശബരിമല വീണ്ടും കലാപകലുഷിതമാകുമെന്ന് ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഈ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ജനം ഉറ്റുനോക്കുന്നു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.  യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്ല് യു.ഡി.എഫ് പ്രതിനിധി എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത്തരമൊരു നിലപാട് പിണറായി സര്‍ക്കാരോ ബി.ജെ.പി സര്‍ക്കാരോ സ്വീകരിച്ചിട്ടില്ല.

ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസവും വ്യക്തമാക്കി. ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാത്ത വര്‍ഗീയവാദികളുടെതല്ല മറിച്ച് മതേതര ജനാധിപത്യവിശ്വാസികളുടെ വോട്ടാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. ഹിറ്റ്ലറുടെ വംശാധിപത്യം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് ആര്‍ എസ് എസുകാര്‍.

കെട്ടിച്ചമച്ച പ്രതിച്ഛായയാണ് വട്ടിയൂര്‍ക്കാവിലെ ഇടതുസ്ഥാനാര്‍ത്ഥിക്കുള്ളത്. ഒരുകാലത്ത് ശുചിത്വ നഗരമായിരുന്ന തിരുവനന്തപുരത്തെ നരക തുല്യമാക്കിയതാണ് മേയര്‍ വി കെ പ്രശാന്തിന്റെ നേട്ടം. ഇദ്ദേഹം മേയര്‍ ബ്രോ അല്ല, മേയര്‍ ദി ഹെല്‍ അഥവാ നരകത്തിന്റെ സൂക്ഷിപ്പുകാരനാണെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

കഴുത്ത് ഞെരിച്ചു കൊല്ലുന്ന കൊലയാളി രക്ഷിക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് പോലെയാണ് ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പസ്വാമി സഹായിക്കുമെന്ന മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും കൊലയാളി പാര്‍ട്ടികളാണ്.  ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കിയാണ് സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നത്. പെരിയ ഇരട്ടക്കൊല കേസും സി ബി ഐക്ക് വിടണമെന്ന ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. പിണറായി സര്‍ക്കാരിന്റെ വിശ്വാസവിരുദ്ധ തീരുമാനങ്ങള്‍ക്കും അഴിമതിക്കും കൊലപാത രാഷ്ട്രീയത്തിനും എതിരെയുള്ള വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഹസ്സന്‍ പറഞ്ഞു.