Asianet News MalayalamAsianet News Malayalam

'സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്'; ബിജെപിയുടെ സവിശേഷതകള്‍ വിവരിച്ച് എം എം മണി

ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു, കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട് തുടങ്ങിയ ഉത്തരങ്ങളാണ് എം എം മണി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
 

mm mani answers features of bjp question by cbse for 10th students
Author
Thiruvananthapuram, First Published Mar 19, 2020, 5:09 PM IST

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന ചോദ്യം ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി. ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ എഴുതിയാണ് എം എം മണി പ്രതികരിച്ചത്. ചോദ്യത്തിന് എട്ട് ഉത്തരങ്ങളാണ് എം എം മണി നല്‍കിയത്.

ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു, കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്, എല്ലാവിധ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുന്ന 'ചാണക- ഗോമൂത്രം' എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു തുടങ്ങിയ ഉത്തരങ്ങളാണ് എം എം മണി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

നേരത്തെ, നിര്‍ബന്ധമായി ഉത്തരമെഴുതേണ്ട ഗണത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ചോദിച്ചത്. ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല.

വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഇതിന് സിബിഎസ്ഇ നല്‍കിയ വിശദീകരണം. സോഷ്യല്‍ സയന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എം എം മണിയുടെ കുറിപ്പ് വായിക്കാം

#സിബിഎസ്ഇ_പരീക്ഷ_2020
#ക്ലാസ്_10
#ചോദ്യം_നമ്പർ_31

#ബിജെപിയുടെ
#സവിശേഷതകൾ #വിവരിക്കുക (മാർക്ക് 5)

#ഉത്തരം
1. ഹിന്ദുവർഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു.
2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
3. 'മോഹവില' നൽകി കുതിരക്കച്ചവടത്തിലൂടെ പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു.
4. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്.
5. പൊതുമേഖല വ്യവസായം തകർത്ത് തുച്ഛമായ വിലയ്ക്ക് ഇഷ്ടക്കാർക്ക് കൈമാറുന്നു.
6. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നിൽ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു.
7. എല്ലാവിധ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന 'ചാണക- ഗോമൂത്രം' എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു.
8. ഇന്ത്യയിൽ ഇന്ധന വില വർദ്ധിപ്പിച്ച ശേഷം, വില വർദ്ധിച്ചിട്ടില്ലെന്നു മാത്രമല്ല കുറയുകയാണ് ചെയ്തതെന്ന തോന്നൽ വരും വിധം ജനങ്ങൾക്കാശ്വാസം നൽകന്ന പുതിയ 'എണ്ണവില സിദ്ധാന്തം' അവതരിപ്പിച്ചു.
#സിദ്ധാന്തം: പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോ അതില് ചെറിയ എന്തെങ്കിലും എമൗണ്ട് കൂടിയിട്ടുണ്ടാവും. അത്രയേയുള്ളൂ. അത് ടോട്ടലായിട്ട് വർദ്ധനവുണ്ടാകുന്നില്ലല്ലോ. വില കുറയുകയാണ് ചെയ്തത്.

NB: ഇതുപോലുള്ള ഗുണങ്ങൾ ഏറെ വർണ്ണിക്കാനുണ്ട്. സമയക്കുറവ് കാരണം ഇത്രയേ എഴുതുന്നുള്ളൂ. (കൂടുതൽ മാർക്ക് പ്രതീക്ഷിക്കുന്നു.)

 

Follow Us:
Download App:
  • android
  • ios