Asianet News MalayalamAsianet News Malayalam

'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി

പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് എം എം മണി പ്രതികരിച്ചു.

mm mani mla against former mla s rajendran
Author
First Published Nov 26, 2022, 2:19 PM IST

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് എം എം മണി പ്രതികരിച്ചു. അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഏല്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം എം മണി കട്ടപ്പനയിൽ പറഞ്ഞു.

Also Read : ഏഴ് ദിവസത്തിനകം വീട് ഒഴിയണം; എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

വീട് ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നില്‍ എം എം മണി എംഎൽഎയാണെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻ്റ് ഭൂമി പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് ദേവികുളം സബ് കളക്ടറുടെ നിർദേശ പ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസർ നൽകിയ നോട്ടീസിൽ പറയുന്നത്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ബലമായി ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ ഇടുക്കി എസ് പിക്ക് കത്തും നൽകിയിട്ടുണ്ട്. നോട്ടീസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഒഴിയാൻ തയ്യാറല്ലെന്നുമാണ് എസ് രാജേന്ദ്രൻ പറയുന്നത്.

Follow Us:
Download App:
  • android
  • ios