രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
ഇടുക്കി: ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിന് പരിഹാസവുമായി എംഎം മണി. സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണ്. വല്യ പിടിപാടുള്ള കക്ഷിയാണ് . 11 പേരെ കൊന്ന കക്ഷിയാണ്. പക്ഷേ കക്ഷിയോടുള്ള ബഹുമാനം കൂടിയത് കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ലെന്നാണ് എംഎം മണിയുടെ പരിഹാസം.
രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്.
ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 29നാണ് കേസ് വീണ്ടും പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ ഇടുക്കിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ് അരിക്കൊമ്പൻ തകർത്തു.
അരിക്കൊമ്പൻ ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിനു താഴെ ദേശീയ പാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പുറകോട്ടെടുത്ത ജീപ്പിൻറെ പിൻചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെയിട്ടു. ജീപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു. കാട്ടാനയുടെ പിടിയിലകപ്പെടാതെ തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
