മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. മലപ്പുറം ജില്ല രൂപീകരണത്തിന് ഇഎംഎസ് മുൻകൈയ്യെടുത്തപ്പോൾ പാകിസ്ഥാനുണ്ടാക്കുന്നുവെന്നാണ് കോൺ​ഗ്രസ് പറഞ്ഞത്. 

തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം ജനവിഭാ​ഗത്തിൻ്റെ യഥാ‍ർത്ഥ സംരക്ഷക‍ർ സിപിഎമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് സിപിഎമ്മുകാരാണെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണെന്നും എംഎം മണി പറഞ്ഞു. 

ശബരിമലയിൽ ഭക്തർക്കൊപ്പം നിൽക്കുമെന്ന കോൺ​ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം വെറും ബഡായിയാണ്. സുപ്രീംകോടതിയുടെ പരി​ഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ ഇപ്പോൾ ആ‍ർക്കും ഒരു നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മണി ചൂണ്ടിക്കാട്ടി. 

എം.എം.മണിയുടെ വാക്കുകൾ - 

മുസ്ലീങ്ങളുടെ യഥാ‍ർത്ഥ സംരക്ഷക‍ർ സിപിഎമ്മാണ്. മുസ്ലീങ്ങളുടെ ആകെ അവകാശം ലീഗിനല്ല. തലശ്ശേരി - മാറാട് കലാപങ്ങളുടെ നാളുകളിൽ മുണ്ടുമടക്കിക്കുത്തി നിന്നത് സിപിഎമ്മാണ് എന്നോ‍ർക്കണം. മുസ്ലീം ലീഗിനെതിരായ വിമർശനം ഇനിയും തുടരുക തന്നെ ചെയ്യും. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. മലപ്പുറം ജില്ല രൂപീകരണത്തിന് ഇഎംഎസ് മുൻകൈയ്യെടുത്തപ്പോൾ പാകിസ്ഥാനുണ്ടാക്കുന്നുവെന്നാണ് കോൺ​ഗ്രസ് പറഞ്ഞത്. തലശേരി കലാപകാലത്ത് സി.എച്ച്. മു​ഹമ്മദ് കോയയടക്കം മുസ്ലീം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയില്ല. അന്നവിടെ പോയി മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാ​ഘവനും ഇ.എം.എസും പിണറായി വിജയനുമാണ്.