കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസെന്നും മണി കുറ്റപ്പെടുത്തി.
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് (P T Thomas) എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് എം എം മണി (M M Mani). പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ല. എന്നിട്ടിപ്പോള്‍ പുണ്യാളന്‍ എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോയെന്നും മരിക്കുമ്പോള്‍ എല്ലാവരും ഖേദം പ്രകടിപ്പിക്കുമെന്നും മണി പറഞ്ഞു. കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസെന്നും മണി കുറ്റപ്പെടുത്തി.
എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന എസ് രാജേന്ദ്രന്‍റെ പ്രസ്താവനയോടും മണി പ്രതികരിച്ചു. തന്നെ പേടിച്ചാണ് രാജേന്ദ്രൻ സമ്മേളനത്തിൽ വരാതിരുന്നതെന്ന പ്രസ്താവന കേട്ടപ്പോൾ ചിരി വന്നു. രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങി കൊടുത്തത് താനുംകൂടി ചേർന്നാണെന്നും മണി പറഞ്ഞു. പാർട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന എസ് രാജേന്ദ്രന്‍റെ കത്തിലാണ് മണിക്കെതിരെ പരാമര്‍ശമുള്ളത്.
തന്നെ മുൻമന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നും രാജേന്ദ്രൻ കത്തിൽ ആരോപിക്കുന്നു. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറയുന്നു. താൻ ഒരു ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തുടരാൻ തന്നെ അനുവദിക്കണമെന്നും എസ് രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടി നിർദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനാൽ എസ് രാജേന്ദ്രനെ പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു.
പരാതിയെത്തുടർന്ന് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാണിച്ചില്ല, പ്രചാരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കി തുടങ്ങിയവയാണ് അന്വേഷണക്കമ്മീഷന്‍റെ കണ്ടെത്തൽ. ഒരു വർഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാർശ ചെയ്തിരിക്കുന്നത്. രാജേന്ദ്രനെ പുറത്താക്കണമെന്ന് എം എം മണിയും പരസ്യമായി ആവശ്യപ്പെട്ടതാണ്.
