ചൗക്കിദാര്‍മാര്‍ ഇനി പെന്‍ഷന്‍ വാങ്ങട്ടെയെന്നും മണി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

എറണാകുളം: ബിജെപിയെ പിടിച്ചുലച്ച യെദ്യൂരപ്പയുടെ ഡയറി പുറത്തു വന്നതിന് പിന്നാലെ ട്രോളുമായി എംഎം മണി. 'ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറി'പ്പെന്നായിരുന്നു എംഎം മണിയുടെ ട്രോള്‍. 'ചൗക്കിദാര്‍മാര്‍ ഇനി പെന്‍ഷന്‍ വാങ്ങട്ടെ'യെന്നും മണി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയതിന്‍റെ കണക്കുകളാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളിലുള്ളതെന്ന വിവരങ്ങളാണ് പുറത്തു വന്നത്. 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. 'കാരവന്‍' മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. 

അതേസമയം തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ആദായനികുതി വകുപ്പ് അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയതാണ് രേഖകൾ. ആ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നാണ് യെദ്യൂരപ്പ വിശദമാക്കിയത്. 

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നൽകിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്‍‍റ്റ‍്‍ലിക്കും 150 കോടി വീതം നൽകി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നൽകി . രാജ്‌നാഥ്‌ സിംഗിന് നൽകിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി . ജഡ്ജിമാർക്ക് 500 കോടി നൽകിയെന്നും യെദ്യൂരപ്പയുടെ ഡയറിയിൽ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം പച്ചക്കള്ളമെന്ന് ബിജെപി. കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് വ്യാജരേഖയാണെന്നും യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വലയാണെന്നും ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറ‌ഞ്ഞു. അഴിമതിക്കേസിൽ കുടുങ്ങി ജാമ്യത്തിലിറങ്ങിയത് കോൺഗ്രസ് നേതാക്കളാണ്. സിദ്ധരാമയ്യയുടെ വിശ്വസ്തന്‍റെ ഡയറിയിൽ രാഹുൽ ഗാന്ധിക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലുണ്ടായിരുന്നുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.