കൊല്ലം: കൊല്ലം ആണ്ടൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആണ്ടൂർ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഞ്ച് ദിവസം മുൻപാണ്  വീടിന് സമീപത്ത് വെച്ച് അഞ്ചംഗ സംഘം അനില്‍കുമാറിനെ  മർദ്ദിച്ചത്. സ്ത്രീ സുഹൃത്തിന്‍റെ വീട്ടില്‍ രാത്രി എത്തിയെന്ന് ആരോപിച്ചായിരുന്നു  മർദ്ദനം. സ്ത്രിയുടെ ഭർത്താവും സുഹൃത്തുകളും ചേർന്നായിരുന്നു മർദ്ദിച്ചത്.

പരുക്കേറ്റ അനില്‍ കുമാറിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇന്നലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ഉള്‍പ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭർത്താവ് സഹദേവൻ  അടക്കം പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തായിരുന്ന അനില്‍ കുമാർ അഞ്ച് മാസം മുൻപാണ് നാട്ടില്‍ എത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.