മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനെത്തുടര്‍ന്ന് യുവാവ്  വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികൾ ഐതൊടിക അബ്ദുൽ ഗഫൂർ,  മുഹമ്മദ് ശരീഫ്, ഏലപ്പറമ്പൻ  ബഷീർ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പിൽ, പ്രണയിച്ചതിന്‍റെ പേരിൽ യുവാവിന് മർദ്ദനമേറ്റത്. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. 

മലപ്പുറത്ത് യുവാവിന്‍റെ ആത്മഹത്യയിൽ; പ്രണയിനിയുടെ പിതാവടക്കം 15 പേർക്കെതിരെ കേസ്

പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെയുള്ള മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രണയത്തിന്റെ പേരിൽ ഷാഹിറിന് ആൾക്കൂട്ട മർദ്ദനമേറ്റത്. ശേഷം ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലാകുകയും ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. ഷാഹിറിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.